മുകുന്ദനുണ്ണി ഒരു കേസില്ലാവക്കീലാണ്. പ്രായം 36 കടന്നിട്ടും നല്ലൊരു കേസ് പോലും കിട്ടിയിട്ടില്ല. തൊഴിലിലും ജീവിതത്തിലും വിജയിക്കാനുള്ള തീവ്രമായ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള വഴി കണ്ടുപിടിക്കാൻ കഴിയാതെ ഉഴലുന്ന അയാളിലേക്ക് അതിനുള്ള ഒരു ഐഡിയ സാഹചര്യവശാൽ എത്തിപ്പെടുന്നു. ആ സ്പാർക്കിനെ ഒരു തീഗോളമാക്കി മാറ്റി വിജയിച്ചു കാണിക്കാനുള്ള അയാളുടെ ഭ്രാന്തമായ ശ്രമങ്ങളാണ് പിന്നീട് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രം പറയുന്നത്.
ജോസഫ് എന്ന സിനിമ വാഹനാപകടങ്ങളും അവയവ മാഫിയയും തമ്മിലുള്ള അവിശുദ്ധബന്ധം കാട്ടിത്തന്നപ്പോൾ, മലയാളസിനിമയിൽ അധികം പ്രതിപാദിച്ചു കണ്ടിട്ടില്ലാത്ത പുതിയൊരു പ്രമേയമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ അവതരിപ്പിക്കുന്നത്- മോട്ടർ വാഹന അപകട ഇൻഷുറൻസ് മാഫിയ. വക്കീലന്മാരും പൊലീസുകാരും ഡോക്ടർമാരും ആംബുലൻസ് ഡ്രൈവർമാരുമെല്ലാം അടങ്ങുന്ന ഒരു വലിയ മാഫിയയുടെ ചുരുളുകൾ അഴിക്കുകയാണ് ചിത്രം. റോഡ് അപകടങ്ങൾക്ക് പഞ്ഞമില്ലാത്ത നാടാണ് കേരളം. ഓരോ ദിവസവും നാം വായിച്ചു മറക്കുന്ന റോഡ് അപകടങ്ങൾക്കു പിന്നിൽ ഒളിച്ചിരിക്കുന്ന ഞെട്ടിക്കുന്ന സാധ്യതകളും അതു മുതലെടുത്ത് ജീവിക്കുന്നവരെയും ചിത്രം അവതരിപ്പിക്കുന്നു. മൊത്തത്തിൽ റോഡ് അപകടങ്ങളെ വ്യത്യസ്തമായ വീക്ഷണകോണിൽ നോക്കിക്കാണാൻ ചിത്രം ഉപകരിക്കും.
പതിവ് ‘നല്ലവനായ ഉണ്ണി’ വേഷങ്ങളിൽനിന്ന് വിനീത് ശ്രീനിവാസന്റെ ‘യു ടേൺ’ ആണ് അഡ്വ. മുകുന്ദനുണ്ണി. മലയാളസിനിമയിൽ ഇപ്പോൾ ത്രില്ലറുകളുടെയും സൈക്കോകളുടെയും വിളയാട്ടമാണല്ലോ. ഒരർഥത്തിൽ അതിൽപ്പെടുത്താവുന്ന ഏറ്റവും ശാന്തനും സൗമ്യനുമായ ക്രിമിനൽ സൈക്കോയാണ് മുകുന്ദനുണ്ണി. അക്ഷരാർഥത്തിൽ പ്യുവർ ഈവിൾ. സ്വന്തം വിജയത്തിനുവേണ്ടി എന്തു കൈവിട്ട കളിയും കളിക്കാൻ മടിക്കാത്ത മുകുന്ദനുണ്ണിയെ വിനീത് അവിസ്മരണീയമാക്കി. അഡ്വ.മുകുന്ദനുണ്ണി, ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട വിനീതിലെ നടന്റെ വിജയം കൂടിയാവുകയാണ്.
സുരാജ് വെഞ്ഞാറമൂട് ഒരിടവേളയ്ക്കു ശേഷം കോമഡി ട്രാക്കിലേക്ക് മാറുന്നതും ചിത്രത്തിൽ കാണാം. ത്രില്ലർ ട്രാക്കിൽ പോകുന്ന കഥാഗതിക്കിടയിലും വിനീതും സുരാജും ഒരുമിച്ചുള്ള സന്ദർഭങ്ങൾ ചിരിക്ക് വകയൊരുക്കുന്നുണ്ട്. 'ആവറേജ് അമ്പിളി' എന്ന വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ ആർഷ ബൈജുവും നെഗറ്റീവ് ഷേഡുള്ള റോൾ ഭംഗിയാക്കി. ജീവിതത്തോടുള്ള കാഴ്ചപ്പാടിലും നേട്ടങ്ങളിലും കൃത്യമായ (സ്വാർഥമായ) ഓഡിറ്റിങ് നടത്തുന്ന ന്യൂജെൻ യുവതി റോൾ ആർഷ ഭംഗിയാക്കി. മറ്റൊരു നായികയായ തൻവി റാമും റോൾ മികച്ചതാക്കി. സുധി കോപ്പ, ബിജു സോപാനം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, നോബിള്‍ ബാബു, സുധീഷ്, ജോർജ് കോര തുടങ്ങിയവരും തങ്ങളുടെ റോൾ ഭദ്രമാക്കി.
അഭിനവ് സുന്ദര്‍ നായക് എന്ന നവാഗത സംവിധായകന്റെ മികച്ച എൻട്രി കൂടിയാവുകയാണ് ചിത്രം. സംവിധായകനും വിമല്‍ ഗോപാലകൃഷ്ണനും ചേർന്ന് നന്നായി ഗൃഹപാഠം ചെയ്ത് തയാറാക്കിയ തിരക്കഥയാണ് ചിത്രത്തിലെ താരം. പുതുമയുള്ള അവതരണശൈലിയും പിടിച്ചിരുത്തുന്നുണ്ട്. മുകുന്ദനുണ്ണിയുടെ ആത്മഗതങ്ങൾ കഥാഗതിക്കു സമാന്തരമായി നരേഷനിലൂടെ അവതരിപ്പിച്ചു പോകുന്നത് വേറിട്ട കാഴ്ചാനുഭവമാണ്. സിനിമയിൽ കണ്ടുപരിചയിച്ച, ചൂടേറിയ വാദപ്രതിവാദങ്ങൾ നടക്കുന്ന കോടതികളിൽനിന്ന് വ്യത്യസ്തമായ MACT (Motor Accident Claims Tribunal) കോടതികളും നടപടികളും കാഴ്ചക്കാരന് പുതുമയാണ്. ജോയ് മൂവി പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം, പശ്ചാത്തല സംഗീതം അടക്കമുള്ള മേഖലകളും നിലവാരം പുലർത്തുന്നു.
തിന്മയോടു പടവെട്ടി അവസാനം നന്മയുടെ വിജയം ആഘോഷിക്കുന്ന പതിവു സിനിമകളുടെ വാർപ്പുമാതൃകയിൽനിന്നു 'യു ടേൺ' അടിക്കുകയാണ് ചിത്രം. ഇവിടെ നായകനും വില്ലനും ഒരാളാണ്. സിനിമ വിനിമയം ചെയ്യുന്ന രണ്ടു കാര്യങ്ങളോട് വ്യക്തിപരമായ അഭിപ്രായവ്യത്യാസമുണ്ട്– ‘തോറ്റുപോകുന്നതിനേക്കാൾ നല്ലത് ചത്തുകളയുന്നതാണ്’ എന്നതിനോടും ‘ആരെക്കൊന്നിട്ടായാലും ജയിക്കുന്നതാണ് ജീവിതവിജയം’ എന്നു പറയുന്ന കാഴ്ചപ്പാടിനോടും. ന്യൂജെൻ കാലത്ത് ചെറുപ്പക്കാർക്കിടയിൽ അവർ പോലുമറിയാതെ അവരുടെ ചിന്തകളെയും അഭിരുചികളെയും സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമ എന്നോർക്കണം. എന്നാൽ തിന്മയെ ഗ്ലോറിഫൈ ചെയ്യുന്നതിനോട് വ്യക്തിപരമായ വിയോജിപ്പുള്ളപ്പോൾത്തന്നെ അത്തരമൊരു പരീക്ഷണം നടത്താൻ സംവിധായകനും തിരക്കഥാകൃത്തും കാണിച്ച ധൈര്യം സിനിമയിൽ വർക്ക്ഔട്ട് ആകുന്നുണ്ട് എന്നതും പറയാതെവയ്യ.
കേരളത്തിലൂടെ വാഹനമോടിക്കുന്ന ഓരോരുത്തരുടെയും കൂടെ അപകടവും സഞ്ചരിക്കുന്നുണ്ട്. എന്നാൽ ഒരപകടം സംഭവിച്ചു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്ന് ആരുമൊന്നു പകച്ചുപോകും. അപകടത്തിനു ശേഷമുള്ള, നഷ്ടപരിഹാരമടക്കമുള്ള നടപടികളെക്കുറിച്ചും അതിന്റെ പിന്നിലുള്ള ഉൾക്കളികളെക്കുറിച്ചും അറിവില്ലാത്ത സാധാരണക്കാരന് ഒരു ഏകദേശ ധാരണ കൊടുക്കുന്നു എന്നതാണ് ചിത്രത്തിന്റെ പൊസിറ്റീവ്.
രണ്ടു മണിക്കൂർ എട്ടു മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒരു ഘട്ടത്തിലും വിരസമാകാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പുതുമയുള്ള കഥാഗതിയും അവതരണവുമാണ് ചിത്രത്തിന്റെ വിജയം. ചുരുക്കത്തിൽ, ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ തിയറ്ററിൽ പോയിക്കണ്ടാൽ നിരാശപ്പെടില്ല എന്നുറപ്പ്.
ഇതുവരെ ആരും മലയാള സിനിമയിൽ കാണിക്കാത്ത ഒരു ധൈര്യം തന്നെയാണ് വിനീതി ശ്രീനിവാസൻ ഒരു ഡാർക്ക് സൈഡിലേക്ക് നീങ്ങുകയാണ് മക്കളെ
അപ്പൊ അടുത്തതിൽ കാണാം ❤️❤️❤️❤️❤️❤️
Comments