Skip to main content

'കിളിപറത്തുന്ന' ത്രില്ലർ; കൂമൻ റിവ്യു


'മെമ്മറീസിന് ശേഷം ഞാൻ ചെയ്യുന്ന യഥാർഥ ത്രില്ലർ ചിത്രം ഇതായിരിക്കും' എന്ന് ജീത്തു ജോസഫ് പറഞ്ഞത് വെറുതെയല്ല, ഒരുഘട്ടത്തിലും പിടിതരാതെ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് കൂമൻ എന്ന സിനിമ. ശരിക്കും ജീത്തുവും തിരക്കഥാകൃത്ത് കൃഷ്ണകുമാറും പുതിയ ത്രില്ലർ ചിത്രങ്ങൾക്കുള്ള കഥാബീജത്തിനായി നാട്ടിലൂടെ ഭൂതകാലത്തേക്കും ഭാവികാലത്തേക്കും ടൈം ട്രാവൽ ചെയ്തിട്ടുണ്ടോ എന്ന് ചിത്രം കണ്ടുകഴിയുമ്പോൾ പ്രേക്ഷകന് തോന്നിയാൽ തെറ്റുപറയാനില്ല.

കേരള- തമിഴ്നാട് അതിർത്തിയിലെ നെടുമ്പാറ എന്ന ഗ്രാമത്തിലെ സിപിഒ ആണ് നാട്ടുകാരൻ കൂടിയായ ഗിരി. ചില ഒറ്റപ്പെട്ട 'ആത്മഹത്യകൾ' ഒഴിച്ചുനിർത്തിയാൽ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നുമില്ലാത്ത നാട്. പൊലീസുകാരും സ്വസ്ഥം. പക്ഷേ നിസ്സാരകാര്യങ്ങൾക്ക് നാട്ടുകാരോട് വ്യക്തിവിരോധം മനസ്സിൽപെരുപ്പിച്ച് തരംകിട്ടുമ്പോൾ നൈസായിട്ട് 'പണി'കൊടുക്കുന്ന സ്വഭാവക്കാരനാണ് ഗിരി. അതിനയാൾ ഏതറ്റം വരേയുംപോകും. അങ്ങനെ 'ചൊരുക്ക് തീർക്കാൻ' അയാൾ രഹസ്യമായി ചെയ്യുന്ന ചില കൈവിട്ട കളികളാണ് ആദ്യപകുതി സജീവമാക്കുന്നത്. 'വേലി തന്നെ വിളവ് തിന്നുക' എന്ന് പറയുംപോലെയുള്ള അയാളുടെ ചെയ്തികൾ പ്രേക്ഷകരെ രസിപ്പിക്കുമെങ്കിലും അയാളുടെ സഹപ്രവർത്തകർക്കും മേലധികാരികൾക്കും തലവേദനയാകുന്നു. ഒരുഘട്ടത്തിൽ ഗിരിയുടെ ജീവിതം തവിടുപൊടിയാകുമെന്ന് കരുതുന്നിടത്ത് അടുത്ത 'ആത്മഹത്യ' നടക്കുന്നു. അവിടെയാണ് ഇന്റർവെൽ പഞ്ച്.

ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് കരുതി പൊലീസും നാട്ടുകാരും തള്ളിക്കളഞ്ഞ ഈ 'ആത്മഹത്യകൾ'ക്ക് പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടോ? പിന്നെ ആകാംക്ഷയുടെ കൊടുമുടിയിലേക്കുള്ള യാത്ര തുടങ്ങുകയാണ്. ഒരുഘട്ടത്തിൽ ഈ ദുരൂഹതയുടെ ചുരുളഴിക്കേണ്ടത് ഗിരിയുടെ വാശിയായി മാറുന്നു. അതിനുപിന്നാലെയുള്ള അയാളുടെ സഞ്ചാരവും ചില വഴിത്തിരിവുകളോടെ ചുരുളഴിയുന്ന ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളിലുമാണ് ചിത്രം പര്യവസാനിക്കുന്നത്. സ്പോയിലർ ആകുമെന്നതിനാൽ ക്ളൈമാക്സ് പരിസരത്തേക്ക് പോകുന്നില്ല. എന്നിരുന്നാലും ആരായിരിക്കും വില്ലൻ എന്ന് കണ്ടുപിടിക്കാനുള്ള പ്രേക്ഷകന്റെ ത്വരയെ തകിടംമറിച്ചുകൊണ്ടാണ് കൂമൻ പറന്നിറങ്ങുന്നത്.

ഈ സിനിമയുടെ രചനയോ ചിത്രീകരണമോ നടക്കുന്ന സമയത്ത് മലയാളി സമൂഹത്തിന് ഏറെക്കുറെ അപരിചിതമായ ഒരു വിഷയം ചിത്രത്തിൽ പരാമർശിക്കുകയും മാസങ്ങൾക്കിപ്പുറം ചിത്രം റിലീസ് ചെയ്യുന്ന സമയത്ത് പൊതുസമൂഹത്തിൽ അത് ചർച്ചാവിഷയമായി കത്തിനിൽക്കുന്നു എന്നതും കൗതുകകരമാണ്. മലയാളി പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാവുന്ന തലത്തിലേക്ക് ചിത്രത്തിന്റെ കഥാഗതി വഴിമാറുമ്പോൾ തിയറ്ററിൽ കരഘോഷങ്ങൾ മുഴങ്ങുന്നു. ഇത്രയും ക്രിമിനൽ ബുദ്ധി സംവിധായകനും തിരക്കഥാകൃത്തിനും എവിടെനിന്ന് കിട്ടുന്നു എന്ന് അദ്ഭുതം തോന്നാം. ചിത്രത്തിലെ ഓരോ വഴിത്തിരിവുകൾക്ക് പിന്നിലുമുള്ള ഡീറ്റെയിലിങ് ആണ് ചിത്രത്തെ സജീവമാക്കുന്നത്. പൊലീസിലെ ക്രിമിനൽവൽക്കരണം വാർത്തകളിൽ നിറയുന്ന സമയത്തിറങ്ങുന്ന കൂമൻ പല അധികാരിവർഗങ്ങളെയും അസ്വസ്ഥമാക്കാനുമിടയുണ്ട്.

ഒരു നടൻ എന്ന നിലയിൽ ഏറെ മുൻപോട്ട് പോയിരിക്കുകയാണ് ആസിഫ് അലി. റോഷാക്കിലെ മുഖംമൂടി കഥാപാത്രത്തിന്റെ മറ്റൊരു ഷെയ്ഡ് കൂമനിലും കാണാം. ഫീൽഗുഡ് നായകപരിവേഷത്തിൽ നിന്നും നെഗറ്റീവ് ഷേഡുകളുള്ള മുഖ്യകഥാപാത്രമായുള്ള നവീകരണം ആസിഫിന് നന്നായി യോജിക്കുന്നുമുണ്ട്. വിശേഷ മാനസിക അവസ്ഥകൾ,സ്വഭാവങ്ങളുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള ആസിഫിനുള്ള സവിശേഷ കഴിവുതന്നെയാണ് കൂമനിലേക്ക് താരത്തെ പ്രതിഷ്ഠിക്കാൻ ജീത്തുവിന് ആത്മവിശ്വാസം നൽകിയതെന്ന് ഉറപ്പാണ്. ജാഫർ ഇടുക്കിയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അടുത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും ജാഫർ ഒരു നടനെന്ന നിലയിൽ ഗ്രാഫ് ഉയർത്തുന്നത് പ്രകടമാണ്. കൂടാതെ രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ റജി കോശി, ആദം അയൂബ്, ബൈജു, പൗളി വിൽ‌സൺ തുടങ്ങിയവരൊക്കെ മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്.

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് കൂമൻ നിർമിച്ചിരിക്കുന്നത്. ചിത്രത്തെ എഡ്ജ് ഓഫ് ദ് സീറ്റ് അനുഭവമാക്കുന്നതിൽ സാങ്കേതികമേഖലകളും തുല്യപങ്ക് വഹിക്കുന്നുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയാണ് കൂമന്റെ നട്ടെല്ല്. ഇതിനുമുൻപ് ഒടിടി റിലീസായി ഇറങ്ങിയ ട്വൽത് മാൻ എന്ന ചിത്രത്തിന്റെയും തിരക്കഥാകൃത്ത് കൃഷ്ണകുമാറാണ്. കാഴ്ചക്കാരന് പിടിതരാതെ വട്ടംചുറ്റിക്കുകയും വേണ്ടിടത്ത് കൃത്യമായി ഡീറ്റെയിലിങ് ചെയ്യുകയും പല അടരുകളുള്ള കഥയെ കൂട്ടിയിണക്കുകയും ചെയ്യുന്നതിലെ മികവ് അടിവരയിട്ടുപറയേണ്ടതാണ്. ഇനിയും ഈ കൂട്ടുകെട്ടിൽ മികച്ച ത്രില്ലറുകൾ നമുക്ക് പ്രതീക്ഷിക്കാം.

കൂമൻ നിശാസഞ്ചാരിയാണ്. പേര് സൂചിപ്പിക്കും പോലെ ചിത്രത്തിലെ വഴിത്തിരിവുകൾ സംഭവിക്കുന്നതും രാത്രിയിലാണ്. രാത്രിയുടെ വന്യതയും ഭീതിയുമെല്ലാം സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണത്തിലൂടെ പ്രേക്ഷകനിലേക്ക് ആഴ്നിറങ്ങുന്നു. അതുപോലെ വിഷ്ണു ശ്യാമിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ പങ്കുവഹിക്കുന്നു.
ചുരുക്കത്തിൽ ജീത്തു ജോസഫ് അവകാശപ്പെട്ടതുപോലെ പ്രേക്ഷകന്റെ 'കിളിപറത്തുന്ന' കറകളഞ്ഞ ത്രില്ലർ അനുഭവം തന്നെയാണ് കൂമൻ. ഒടിടിക്കായി കാത്തിരുന്നാൽ നഷ്ടമാവുക മികച്ച ഒരു തിയറ്റർ ദൃശ്യാനുഭവമായിരിക്കും. അതിനാൽ തിയറ്റർ മസ്റ്റ് വാച്ച് തന്നെയാണ് കൂമൻ.
❤️❤️❤️❤️🔥👑👑👏🏻👏🏻👏🏻💯👌🏼

Aneeshak.blogsspot.com

Comments

Popular posts from this blog

12th Man Official Review

  12th Man Official Review ഒരു റിസോർട്ടിലേക്ക് ആഘോഷിക്കാനെത്തുന്ന 11 സുഹൃത്തുക്കൾ പന്ത്രണ്ടാമനായി എത്തുന്ന ഒരു അപരിചിതൻ. പാർട്ടി തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ അവശേഷിക്കുന്ന 10 സുഹൃത്തുക്കൾ മാത്രം ആ ഒരു സുഹൃത്തിനെ കൊന്ന കൊലയാളി അവരിൽ ആരാണ് ? ആദ്യവസാനം കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു എന്നതിനാലാണ് 12th മാൻ എന്ന സിനിമയുടെ വിജയം......   12th മാൻ എന്ന സിനിമയിലൂടെ ജീത്തു ജോസഫ് മോഹൻലാൽ സാറും വീണ്ടും മലയാളി പ്രേക്ഷകരെ വീണ്ടും ഞെട്ടി ക്കുകയാണ് ദൃശ്യത്തിനു ശേഷം എന്താണ് ജിത്തുജോസഫ് ലാൽ കോമ്പിനേഷൻ ഇന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നത് അത് കൃത്യമായും നൽകിയ സിനിമയാണ് 12th Man സിനിമയുടെ ദൈർഘ്യം എന്നുപറയുന്നത് രണ്ടു മണിക്കൂർ 43 മിനിറ്റ് സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് തിരക്കഥ തന്നെയാണ്.  അഞ്ചു പുരുഷന്മാരും 6 സ്ത്രീകളും അടങ്ങുന്ന സംഘം ആണ് അതിൽ ഒരാളുടെ ബാച്ച്ലർ പാർട്ടിക്കായി റിസോർട്ടിലേക്ക് എത്തുന്നത്. അടിച്ചു പൂക്കുറ്റിയായി കോൺതെറ്റി റിസോർട്ടിൽ അലമ്പ് ഉണ്ടാക്കുന്ന അപരിചിതനായ ആണ് അനാവശ്യമായി പ്രശ്നം ഉണ്ടാക്കുക സ്ത്രീകളോട് ദയാർദ്ര പ്രയോഗം നടത്തുകയും ചെയ്യുന്ന ഒരു കഥാപാത്രം...

ചരിത്രത്തിൽനിന്ന് ഉറവയെടുത്ത കഥ; പകയും പ്രതികാരവും ചുവപ്പിച്ചത് – പൊന്നിയിൻ സെൽവൻ PART 1

ഇതിഹാസങ്ങളോടു പണ്ടു മുതലേ പ്രത്യേക താൽപര്യമുണ്ട് മണിരത്നത്തിന്. മഹാഭാരത്തിലെ കർണകഥയിൽനിന്നു കടമെടുത്ത ദളപതിയും രാമായണത്തിലെ രാവണനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടെടുത്ത രാവണും ഒക്കെ അതിനു തെളിവുകളാണ്. എന്നാൽ ഇത്തവണ ചരിത്ര പശ്ചാത്തലമുള്ള, ഇതിഹാസസമാനമായ ഒരു നോവലിനെയാണ് മണിരത്നം സ്ക്രീനിലെത്തിക്കുന്നത്. കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസരചന ‘പൊന്നിയിൻ സെൽ‌വന്’ അതേ പേരിൽ‌ മണിരത്നമൊരുക്കിയ ചലച്ചിത്രഭാഷ്യം തമിഴ് സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ഒരപൂർവ മുഹൂർത്തമാണ്. ഭാവനകൾക്ക് ഒരിക്കലും അതിരില്ല. മഹിഷ്മതിയും കുണ്ഡല സാമ്രാജ്യവും കാലകേയരുമെന്നൊക്കെ രാജ്യത്തെയോ ആളുകളെയോ പ്രപഞ്ചത്തെത്തന്നെയോ ഭാവനയിൽനിന്നു സൃഷ്ടിക്കാം. ബാഹുബലിയിലടക്കം നമ്മൾ കണ്ടത് അത്തരം മായാലോകത്തെ കാഴ്ചകളാണ്. ‌നായകന്മാരായി സാങ്കൽപിക കഥാപാത്രങ്ങൾ, സ്ക്രീനുകളെ രോമാഞ്ചം കൊള്ളിക്കാൻ പുലിയും മാനും കടുവയും. അങ്ങനെ നാടകീയതയും സിനിമാറ്റിക് എലമെന്റുകളും കൂടിക്കലർന്ന, യാഥാർഥ്യബോധത്തോട് അകലം പാലിക്കുന്ന സിനിമകൾ ഒരുപാട് അടുത്തിടെ നാം കണ്ടു. എന്നാൽ പൊന്നിയിൻ സെൽവനിൽ അങ്ങനെയല്ല. നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ...

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’; ‘ഡിവൈൻ’ അനുഭവം; സിനിമാറ്റിക് വണ്ടർ; റിവ്യു

ദൈവീകമായൊരു ഫാന്റസി സ്പർശത്തിലൂടെ നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും ചാലിച്ച് ഒരുക്കിയ കാവ്യമാണ് കാന്താര. തിയറ്ററിൽ നിന്നുതന്നെ അനുഭവിക്കാനുള്ളതാണ് കാന്താരയുടെ ലോകം.  1847ൽ ഒരു തുളുനാട്ടുരാജ്യം, അവിടെ ഒരു രാജാവ്. രാജ്യത്തിന്റെ സമ്പത്തും ഐശ്വര്യവും നശിച്ച് എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ച് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനായി ജിവിച്ചിരുന്നു. അങ്ങനെ ഒരു നാൾ സ്വപ്നത്തിൽ വന്ന ദൈവത്തെ അന്വേഷിച്ച് കാട് കയറുന്നു. കാടിനുനടുവിൽ മണ്ണിൽ പൊതിഞ്ഞ വരാഹരൂപം പൂണ്ട കല്ലിൽ പഞ്ചുരുളി എന്ന ദൈവത്തെ കണ്ട് തന്റെ കൂടെ തന്റെ രാജ്യത്തേക്ക് വരണമെന്ന് അവശ്യപ്പെട്ട രാജനോട് ദൈവം പകരമായി ഒരു കാര്യം ആവശ്യപ്പെട്ടു, കൂടെ ഞാൻ വരാം, സമ്പത്തും ഐശ്വര്യവും രാജാവിനും നാടിനും അനുഗ്രഹമായി നൽകാം. എന്നാൽ പ്രതിഫലമായി തന്നെ ആരാധിച്ച് കഴിഞ്ഞുകൂടുന്ന കാട്ടിലെ തന്റെ പ്രജകൾക്ക് നാട്ടിൽ ഭൂമി നൽകി അവരെ കുടിയിരുത്തണം. രാജൻ സമ്മതിച്ചതു പ്രകാരം ദൈവം കാട് വിട്ട് തന്റെ പ്രജകളോടൊപ്പം നാട്ടിലെത്തി കുടിയിരുന്നു. രാജ്യത്ത് ഐശ്വര്യം വിളങ്ങി, ദൈവത്തിനൊപ്പം കാടിറങ്ങിയ കുന്താപ്പൂർ ഗ്രാമക്കാർ നാട്ടിൽ ജീവിതം തുടങ്...