ദൈവീകമായൊരു ഫാന്റസി സ്പർശത്തിലൂടെ നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും ചാലിച്ച് ഒരുക്കിയ കാവ്യമാണ് കാന്താര. തിയറ്ററിൽ നിന്നുതന്നെ അനുഭവിക്കാനുള്ളതാണ് കാന്താരയുടെ ലോകം.
1847ൽ ഒരു തുളുനാട്ടുരാജ്യം, അവിടെ ഒരു രാജാവ്. രാജ്യത്തിന്റെ സമ്പത്തും ഐശ്വര്യവും നശിച്ച് എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ച് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനായി ജിവിച്ചിരുന്നു. അങ്ങനെ ഒരു നാൾ സ്വപ്നത്തിൽ വന്ന ദൈവത്തെ അന്വേഷിച്ച് കാട് കയറുന്നു. കാടിനുനടുവിൽ മണ്ണിൽ പൊതിഞ്ഞ വരാഹരൂപം പൂണ്ട കല്ലിൽ പഞ്ചുരുളി എന്ന ദൈവത്തെ കണ്ട് തന്റെ കൂടെ തന്റെ രാജ്യത്തേക്ക് വരണമെന്ന് അവശ്യപ്പെട്ട രാജനോട് ദൈവം പകരമായി ഒരു കാര്യം ആവശ്യപ്പെട്ടു, കൂടെ ഞാൻ വരാം, സമ്പത്തും ഐശ്വര്യവും രാജാവിനും നാടിനും അനുഗ്രഹമായി നൽകാം. എന്നാൽ പ്രതിഫലമായി തന്നെ ആരാധിച്ച് കഴിഞ്ഞുകൂടുന്ന കാട്ടിലെ തന്റെ പ്രജകൾക്ക് നാട്ടിൽ ഭൂമി നൽകി അവരെ കുടിയിരുത്തണം. രാജൻ സമ്മതിച്ചതു പ്രകാരം ദൈവം കാട് വിട്ട് തന്റെ പ്രജകളോടൊപ്പം നാട്ടിലെത്തി കുടിയിരുന്നു. രാജ്യത്ത് ഐശ്വര്യം വിളങ്ങി, ദൈവത്തിനൊപ്പം കാടിറങ്ങിയ കുന്താപ്പൂർ ഗ്രാമക്കാർ നാട്ടിൽ ജീവിതം തുടങ്ങി. കാലം കടന്നുപോയപ്പോൾ രാജാവ് മാറി നാട്ടുരാജാവായി, പിന്നെ തമ്പുരാനായി,നാട്ടുപ്രമാണിയായി, ജമ്മിയായി രൂപം മാറി. തലമുറ മാറിയപ്പോൾ അന്ന് ഇഷ്ടദാനം നൽകിയ ഭൂമി തിരിച്ചെടുക്കാനായി പുതുതലമുറയുടെ ശ്രമം. അവിടുത്തെ ജനങ്ങൾക്കും ജമ്മിയ്ക്കുമിടയിൽ ഉണ്ടായിരുന്ന അക പ്രതിബന്ധം– പഞ്ചുരുളി എന്ന ദൈവം. കാന്താരയുടെ ലോകത്തേക്ക് പ്രേക്ഷകനെ വലിച്ചിടുന്നതാണ് മിത്തിൽ പൊതിഞ്ഞ സിനിമയുടെ വൺലൈൻ.
∙ സോ റൂട്ടഡ്, സോ ഡിവൈൻ
വടക്കൻ കേരളത്തിന്റെ തെയ്യവും ദക്ഷിണ കർണാടകയുടെ ദൈവക്കോലവുമായി ഇടകലർന്ന ആചാരങ്ങളെയും ഫോക്‌ലോർ കഥകളെയും കൂട്ടിയിണക്കി ഉഡുപ്പിയുടെ നാട്ടിൻപുറത്ത് ഋഷഭ് ഷെട്ടി അണിയിച്ചൊരുക്കിയ ‘ഡിവൈൻ’ അനുഭവമാണ് കാന്താര. കഥ പറഞ്ഞാൽ പുതുമകളേറെ അവകാശപ്പെടാനില്ലാത്ത, ട്വിസ്റ്റുകളോ സിനിമാറ്റിക് ഗിമ്മിക്കുകളോ നിറയ്ക്കാതെ സത്യസന്ധമായി ഒരുക്കിയ ചിത്രമാണ് കാന്താര, എന്നാൽ കണ്ടു കൊണ്ടിരിക്കുമ്പോൾ ആ കാന്താരയിൽ പ്രേക്ഷകനും അകപ്പെട്ടു പോവുന്ന അനുഭവം ചിത്രം സമ്മാനിക്കുന്നു.
കാന്താര എന്ന വാക്കിനർഥം കാട്, കാടിനുവകാശപ്പെട്ടത് എന്നൊക്കെയാണ്. ആ കാടുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഒരു സമൂഹം, അവരുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ, ആചാരങ്ങളുമായി ഇഴചേർന്ന മിത്തുകൾ, ആ മിത്തുകളിൽ അധിഷ്ഠിതമായ ദൈവീകപ്രമാണങ്ങൾ, ദൈവക്കോലങ്ങൾ, കമ്പാള എന്ന പോത്തോട്ടം, കാടിന്റെ മക്കളുടെ നായാട്ട്, അടിസ്ഥാന വർഗത്തിനുമേലുള്ള സ്റ്റേറ്റിന്റെ ഇടപെടലുകളും പ്രമാണികളുടെ കടന്നുകയറ്റവും, പ്രണയം, ചതി, പ്രതികാരം എന്നിങ്ങനെ ഒരു റീജിനൽ സിനിമയുടെ എല്ലാ ഘടകങ്ങളും അതിഗംഭീരമായി ബ്ലെൻഡ് ചെയ്തെടുത്ത മനോഹര സിനിമാറ്റിക് വണ്ടർ എന്ന് കാന്താരയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.
∙ ഋഷഭ് മാജിക്
ചിത്രം എഴുതി സംവിധാനം ചെയ്‌തതിന് പുറമെ, ഋഷഭ്ഷെട്ടി തന്നെയാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നതും. മൂന്ന് മേഖലയിലും അസാമാന്യമായ മികവ് പ്രകടിപ്പിക്കുന്ന ആ പ്രതിഭ വിസ്മയിപ്പിക്കുന്നു. പോത്തോട്ടം പഠിച്ച് ചെളിയിൽ ഏതൊരു എക്സ്പീരിയൻസ്ഡ് പോരാളിയെയും പോലെ പെർഫോം ചെയ്യാൻ ഋഷഭ് എടുത്ത കഷ്ടപ്പാടുകൾ അഭിനന്ദനം അർഹിക്കുന്നതാണ്. ശിവ എന്ന കഥാപാത്രമായി മറ്റാരെയും സങ്കൽപിക്കാൻ ആകാത്തവിധം മനോഹമാക്കി.
അവസാനത്തെ ഒരു പത്തുപതിനഞ്ച് മിനിറ്റ് രൗദ്രത്തിന്റെയും ശാന്തത്തിന്റെയും രണ്ട്എക്സ്‌ട്രീമുകളിൽ ആ കഥാപാത്രം നടത്തുന്ന ഒരു പരമമായ പരകായപകർന്നാട്ടമുണ്ട്. സ്‌ക്രീനിൽ നിന്നും സിനിമാ ഹാളിലേക്ക് ഇറങ്ങിവരുമോ ഇയാൾ എന്നുതോന്നുന്നത്ര ഗംഭീരം. കിറിക് പാർട്ടിയും റിക്കിക്കും ശേഷം സംവിധാനത്തിലും മറ്റൊരു പൊൻതൂവലാണ് ഋഷഭിന് കാന്താര.
കാന്താരയിൽ ഋഷഭിന് പുറമേ കിഷോറിന്റെയും അച്യുത് കുമാറിന്റെയും പ്രകടനങ്ങളും എടുത്ത് പറയണം. അത്രയേറെ അനായാസമായി മികവേടെ അവർ രണ്ടുപേരും സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പ്രധാന സ്ത്രീ കഥാപാത്രമായ ലീലയായ സപ്തമി ഗൗഡ, സംഗീതത്തിന്റെ പരമ്മേന്നതിയിൽ കാന്താരയെ വേറെ ലെവൽ അനുഭവമാക്കിയ മ്യൂസിക് കമ്പോസർ അജനീഷ് ലോക്നാഥ്, മലയാളികൂടിയായ സിനിമാറ്റോഗ്രഫർ അരവിന്ദ് – അങ്ങനെയങ്ങനെ എല്ലാവർക്കും അവകാശപ്പെട്ടതാണ് കാന്താര.
∙ സാൻഡൽവുഡ് 2.0
പണ്ട് മലയാളികൾക്ക്, മറ്റ് സിനിമ ഇൻഡസ്ട്രികൾക്ക് കന്നഡ സിനിമ എന്ന് കേൾക്കുന്നത് തന്നെ ഒരു വൻ കോമഡി ആയിരുന്നു. ഒരു ഭാഗത്ത് മികച്ച ആർട്ട്ഹൗസ് സിനിമകൾ വല്ലപ്പോഴും നിശബ്ദമായി ഇറങ്ങി ദേശീയ അവാർഡ് പ്രഖ്യാപനവേളകളിൽ വാർത്തയായി എങ്കിലും കൊമേഴ്‌സ്യൽ സിനിമകളുടെ കാര്യം അത്രയും പരിതപകാരമായിരുന്നു.
എന്നാൽ കഴിഞ്ഞ അഞ്ചെട്ട് വർഷത്തിനിടെ കഥമാറി. കന്നഡ കൊമേഴ്‌സ്യൽ സിനിമ മൊത്തമായി വലിയൊരു യു ടേൺ അടിച്ച് രാജ്യമാകെ ചർച്ചാകേന്ദ്രമായി. ബോക്സ്ഓഫിസിന്റെ കോടിക്കണക്കുകളിലും എൻന്റർടെയ്ൻമെന്റ് വാല്യുവിലും സാൻഡൽവുഡ് ഇന്ത്യയിലെ തന്നെ എണ്ണംപറഞ്ഞ ഇൻഡസ്ട്രിയായി വളർന്നു.
💥💥💥💥💯😱🔥😍
Comments