Skip to main content

ചരിത്രത്തിൽനിന്ന് ഉറവയെടുത്ത കഥ; പകയും പ്രതികാരവും ചുവപ്പിച്ചത് – പൊന്നിയിൻ സെൽവൻ PART 1

ഇതിഹാസങ്ങളോടു പണ്ടു മുതലേ പ്രത്യേക താൽപര്യമുണ്ട് മണിരത്നത്തിന്. മഹാഭാരത്തിലെ കർണകഥയിൽനിന്നു കടമെടുത്ത ദളപതിയും രാമായണത്തിലെ രാവണനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടെടുത്ത രാവണും ഒക്കെ അതിനു തെളിവുകളാണ്. എന്നാൽ ഇത്തവണ ചരിത്ര പശ്ചാത്തലമുള്ള, ഇതിഹാസസമാനമായ ഒരു നോവലിനെയാണ് മണിരത്നം സ്ക്രീനിലെത്തിക്കുന്നത്. കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസരചന ‘പൊന്നിയിൻ സെൽ‌വന്’ അതേ പേരിൽ‌ മണിരത്നമൊരുക്കിയ ചലച്ചിത്രഭാഷ്യം തമിഴ് സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ഒരപൂർവ മുഹൂർത്തമാണ്.
ഭാവനകൾക്ക് ഒരിക്കലും അതിരില്ല. മഹിഷ്മതിയും കുണ്ഡല സാമ്രാജ്യവും കാലകേയരുമെന്നൊക്കെ രാജ്യത്തെയോ ആളുകളെയോ പ്രപഞ്ചത്തെത്തന്നെയോ ഭാവനയിൽനിന്നു സൃഷ്ടിക്കാം. ബാഹുബലിയിലടക്കം നമ്മൾ കണ്ടത് അത്തരം മായാലോകത്തെ കാഴ്ചകളാണ്. ‌നായകന്മാരായി സാങ്കൽപിക കഥാപാത്രങ്ങൾ, സ്ക്രീനുകളെ രോമാഞ്ചം കൊള്ളിക്കാൻ പുലിയും മാനും കടുവയും. അങ്ങനെ നാടകീയതയും സിനിമാറ്റിക് എലമെന്റുകളും കൂടിക്കലർന്ന, യാഥാർഥ്യബോധത്തോട് അകലം പാലിക്കുന്ന സിനിമകൾ ഒരുപാട് അടുത്തിടെ നാം കണ്ടു. എന്നാൽ പൊന്നിയിൻ സെൽവനിൽ അങ്ങനെയല്ല. നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന മഹാവീരന്മാരെക്കുറിച്ച് ആധുനിക തമിഴ് സാഹിത്യത്തിലെ ആശ്ചര്യസ്തംഭങ്ങളിലൊന്നായ നോവലിൽ പ്രതിപാദിച്ചിരിക്കുന്നത് എന്തോ അതിനോടു പൂർണമായും നീതി പുലർത്തി സൃഷ്ടിച്ചിരിക്കുന്ന ചലച്ചിത്രഭാഷ്യമാണ് പൊന്നിയിൻ സെൽവൻ.
തമിഴ് നന്നായി മനസ്സിലാകുന്നവർ മാത്രം ഇൗ ചിത്രത്തിന്റെ തമിഴ് പതിപ്പ് കാണുകയാണ് നല്ലത്. അല്ലാത്തവർക്ക് കഥയും കഥാപരിസരങ്ങളും വ്യക്തമാകാൻ മലയാളം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

ചോള സാമ്രാജ്യത്തിനു തുടക്കം കുറിച്ച പരാന്തക ചോളൻ ഒന്നാമന് രണ്ടു മക്കളായിരുന്നു. ഗന്ദരാദിത്യനും അരിഞ്ജയനും. പരാന്തക ചോളൻ ഒന്നാമന്റെ മരണ ശേഷം അധികാരം ഗന്ദരാദിത്യനിലെത്തുന്നു. പക്ഷേ ഗന്ദരാദിത്യൻ മരണമടയുന്നതോടെ അരിഞ്ജയൻ രാജാവാകുന്നു. ഗന്ദരാദിത്യന്റെ മകനായ ഉത്തമ ചോളൻ അന്ന് ചെറുപ്പമായതിനാലാണ് അധികാരം അരിഞ്ജയനിലേക്ക് പോകുന്നത്. വൈകാതെ അരിഞ്ജയനും മരിക്കുന്നു. അതോടെ അരിഞ്ജയന്റെ മകനായ പരാന്തക സുന്ദര ചോളന്‍ രാജാവാകുന്നു. തലമുറ വച്ച് നോക്കുമ്പോൾ തനിക്കു ലഭിക്കേണ്ട അധികാരമാണ് സുന്ദര ചോളനിൽ എത്തിയതെന്ന ദേഷ്യവും നഷ്ടബോധവും പേറിയാണ് ഉത്തമ ചോളൻ ജീവിക്കുന്നത്. പരാന്തക സുന്ദര ചോളന് മൂന്ന് മക്കൾ – മൂത്തവൻ ആദിത്യ കരികാലൻ. രണ്ടാമത്തേത് മകൾ കുന്ദവ ദേവി. ഇളയമകൻ അരുൾമൊഴി വർമൻ. മുറപ്രകാരം സുന്ദര ചോളനു ശേഷം ആദിത്യകരികാലനാണ് അടുത്ത രാജാവ്.

  

എന്നാൽ പരാന്തക സുന്ദര ചോളന്റെ കാലഘട്ടം തീരുന്ന അവസരത്തിൽ രാജ്യം രണ്ട് വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. ചോള രാജാക്കന്മാരുടെ കീഴിലും സാമന്തരാജ്യങ്ങളിലും രാജാക്കന്മാരുണ്ട്. അവർക്കിടയിൽ ഒരു ഗൂഢാലോചന ഉടലെടുക്കുന്നു. അതൊരു ആഭ്യന്തര കലാപത്തിലേക്കെത്തുന്നു. പല പ്രധാനപ്പെട്ട രാജാക്കന്മാരെയും തോൽപിച്ചാണ് ചോള രാജവംശം അധികാരത്തിലെത്തുന്നത്. അതില്‍ പ്രധാനി മധുരാന്തക ഉത്തമ ചോളനും പ്രഥമ ന്യായാധിപതിയുമായ പെരിയ പഴുവെട്ടരയ്യരുമായിരുന്നു. പാണ്ഡ്യരാജാവിനു വേണ്ടി പ്രതികാരം ചെയ്ത് ചോള വംശത്തെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന പാണ്ഡ്യന്മാരാണ് രണ്ടാമത്തെ പ്രശ്നം. പാണ്ഡ്യ വംശത്തിന്റെ ചാവേറുകൾക്കു നേതൃത്വം കൊടുക്കുന്നത് വീരപാണ്ഡ്യ കട്ടബൊമ്മന്റെ കാമുകി നന്ദിനിയും. പരാന്തക സുന്ദര ചോളന്റെ തലമുറ തന്നെ ഇല്ലാതാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ഈ കഥയെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുകയാണ് മണിരത്നം പൊന്നിയിൻ സെൽവൻ ആദ്യ ഭാഗത്തിലൂടെ. രണ്ട് മണിക്കൂർ 47 മിനിറ്റ് കൊണ്ട് ഈ കഥാപാത്രങ്ങളെയൊക്കെ മുഴുവനായി പറഞ്ഞുവയ്ക്കുക എന്ന മഹാദൗത്യത്തിൽ മണിരത്നം പൂർണമായും വിജയിച്ചു. നോവലിലെ നെടുതൂണും കൽക്കിയുടെ സാങ്കൽപിക കഥാപാത്രവുമായ വല്ലവരയൻ വന്ദിയ ദേവൻ ആണ് സിനിമയിലും ഏറ്റവും കൂടുതൽ സ്ക്രീൻ സ്പെയ്സുള്ള കഥാപാത്രം. മേലെ ആകാശം, താഴെ ഭൂമി എന്ന് കരുതുന്ന അദ്ദേഹം ആദിത്യ കരികാലന്റെ വലംകയ്യും സാമ്രാജ്യത്തിന്റെ വിശ്വസ്തനുമാണ്. അൽപം കുസൃതിയും എടുത്തുചാട്ടവുമുള്ള വന്ദിയ ദേവനെ കാർത്തി ഗംഭീരമാക്കി. പ്രണയത്തിന്റെ പുകപരത്തി പ്രതികാരത്താൽ ഫണംവിടർത്തിയാടുന്ന നന്ദിനി തന്നെയാണ് ഈ കഥയിലെ ഏറ്റവും സങ്കീർണമായ കഥാപാത്രം. ഏറെ നി​ഗൂഢതകൾ ഉള്ളിൽപേറുന്ന നന്ദിനിയായി ഐശ്വര്യ റായിയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാനാകില്ല. വശ്യസൗന്ദര്യത്തിൽ പ്രേക്ഷകനെയും മയക്കുന്ന പ്രകടനമാണ് ഐശ്വര്യ കാഴ്ച വച്ചിരിക്കുന്നത്. 

നഷ്ടപ്രണയം മനസ്സിലേറി നടക്കുന്ന വീരനായ ആദിത്യ കരികാലനായി വിക്രം നിറഞ്ഞാടി. സ്ക്രീൻ സ്പെയ്സ് കുറവാണെങ്കിലും ഉള്ള രംഗങ്ങളിൽ അദ്ദേഹം തകർത്തഭിനയിക്കുകയായിരുന്നു. അരുൾമൊഴി വർമനെന്ന ടൈറ്റിൽ കഥാപാത്രമായ ജയം രവിയാണ് കയ്യടി നേടുന്ന മറ്റൊരു താരം. കരിയറിൽ ഇതുവരെയും ചെയ്യാത്തൊരു ചരിത്രവേഷത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കാൻ രവിക്കു കഴിഞ്ഞു. യുദ്ധരംഗങ്ങളിലും സാഹസിക രംഗങ്ങളിലും കരുത്തുറ്റ പ്രകടനമാണ് അദ്ദേഹത്തിന്റേത്. ബുദ്ധിമതിയും തീക്ഷ്ണ ചിന്താഗതിക്കാരിയുമായ കുന്ദവ ദേവിയായി തൃഷ പക്വതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. വീരവൈഷ്ണവ ബ്രാഹ്മണനായ ആഴ്‌വാർകടിയാൻ നമ്പിയായി ജയറാം ജീവിക്കുകയായിരുന്നു. കുടവയറും കുടുമയുമായി ശരീരചലനങ്ങളിൽപോലും സൂക്ഷ്മത പാലിച്ചുള്ള അഭിയം. വളരെ ഗൗരവതരമായി മുന്നോട്ടുപോകുന്ന കഥയിൽ നർമത്തിന്റെ വാതിൽ തുറന്നിടുന്നത് നമ്പിയുടേയും വന്ദിയദേവന്റെയും കോംബിനേഷൻ സീനുകളാണ്.
പഴുവെട്ടരയ്യർ സഹോദരങ്ങളായി ശരത്കുമാറും പാർഥിപനും എത്തുന്നു. ശബ്ദഗാംഭീര്യത്തിലും ആകാരവടിവിലും പഴുവെട്ടരയ്യരായി ശരത്കുമാർ മികച്ചുനിന്നു. സമുദ്രകുമാരി അഥവാ പൂങ്കുഴലിയായി എത്തുന്ന ഐശ്വര്യ ലക്ഷ്മിക്കും പ്രധാന സ്ഥാനം തന്നെ മണിരത്നം നൽകിയിരിക്കുന്നു. മധുരാന്തകനായി റഹ്മാനും പാർഥിപനായി വിക്രം പ്രഭുവും വാനതിയായി ശോഭിത ധുലിപാലയും സുന്ദര ചോളനായി പ്രകാശ് രാജും സേനാപതിയായി പ്രഭുവും അരങ്ങുതകർക്കുന്നു. ബാബു ആന്റണി, ലാൽ, നാസർ, കിഷോർ, റിയാസ് ഖാൻ, അശ്വിൻ കാകുമാനു എന്നിവരും അവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി.

സിനിമയെന്ന മാധ്യമത്തിനു മേൽ മണിരത്നം എന്ന മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ കയ്യടക്കം തെളിയുന്നുണ്ട് പൊന്നിയിൻ സെൽവനിൽ. കമേഴ്സ്യൽ ചേരുവകളുടെ ഒരംശം പോലുമില്ലാതെ ഇതിഹാസ കാവ്യമായി ഈ സിനിമയെ മാറ്റാൻ മണിരത്നത്തിനല്ലാതെ മറ്റൊരാൾക്കു കഴിയുമോ എന്ന് സംശയം. സ്ത്രീശരീരത്തിന്റെ വടിവഴവുകൾ നോക്കിപ്പാകാതെ അവരുടെ കാൽപനിക ഭംഗി ഒപ്പിയെടുക്കുന്ന രവി വർമന്റെ ഫ്രെയ്മുകൾക്ക് ക്ലാസിക് ടച്ച്. എ.ആർ. റഹ്മാന്റെ സംഗീതവും കൂടി ചേരുമ്പോൾ ആ രംഗങ്ങൾ മറ്റൊരു തലത്തിലേക്ക് ഉയരും. പൊന്നി നദി പാക്കണമേ എന്നു തുടങ്ങുന്ന ഗാനത്തിൽ ആരംഭിക്കുന്ന സംഗീത സപര്യ സിനിമയുടെ ഒടുക്കം വരെ നീളും. പ്രത്യേകിച്ചും നന്ദി, കുന്ദവ ദേവി എന്നിവരുടെ ഇൻട്രൊ ബിജിഎം അതിമനോഹരമാണ്. ശ്യാം കൗശലാണ് ചിത്രത്തിന്റെ സ്റ്റണ്ട് ഡയറക്ടർ. യുദ്ധരംഗങ്ങളിലും വാൾപ്പയറ്റ് സീക്വൻസുകളിലും കുറച്ചു കൂടി മികവ് പുലർത്താമായിരുന്നെന്നു തോന്നുന്നു. ക്ലൈമാക്സ് രംഗത്തുള്ള കടൽപോരാട്ടം മനോഹരം. ശ്രീകർ പ്രസാദിന്റെ എഡിറ്റിങും സിനിമയ്ക്ക് യോജിച്ചതായി.
കലാസംവിധാനരംഗത്തെ അതികായനായ തോട്ടാതരണിയായാണ് പ്രൊഡക്‌ഷൻ ഡിസൈനർ. ബോംബെ സിനിമയിലാണ് മണിരത്നവും തോട്ടാ തരണിയും ഇതിനുമുമ്പ് ഒരുമിച്ചത്. 28 വർഷത്തിനുശേഷം ഈ കോംബോ വീണ്ടുമൊന്നിച്ചപ്പോൾ സംഭവിച്ചത് വാക്കുകളാൽ വർണിക്കാൻ കഴിയാത്ത അദ്ഭുതം. ആയിരം വർഷം മുമ്പ് നടക്കുന്ന കഥയിലെ കൊട്ടാരങ്ങളും ഉപകരണങ്ങളുമൊക്കെ യാഥാർഥ്യത്തോട് കിടപിടിക്കുന്ന രീതിയിൽ സൃഷ്ടിച്ചെടുക്കാൻ തരണിക്കു കഴിഞ്ഞു. കോസ്റ്റ്യും ഡിസൈനറായ ഏക ലഖാനിക്കും ജഗ്ദീഷ് യേരെയുടെ കീഴിലുണ്ടായിരുന്ന പതിമൂന്നംഗ മേക്കപ്പ് ടീമിനും പ്രത്യേകം അഭിനന്ദനം.

‌ഉദ്വേഗജനകമായ ഒരു ബൃഹദ്കഥയുടെ ആദ്യഭാഗം മണിരത്നം പറഞ്ഞുനിർ‌ത്തുന്നത് അടുത്ത ഭാഗത്തിലേക്കുള്ള ആകാംക്ഷയുടെ വാതിൽ തുറന്നിട്ടുകൊണ്ടാണ്. ചോളരാജകുമാരന്മാരെയും അവരുടെ ധീരയോദ്ധാക്കളെയും കാത്തിരിക്കുന്നതെന്താണെന്ന ജിജ്ഞാസ നോവൽ വായിച്ചവർക്ക് ഉണ്ടാവില്ല. പക്ഷേ ആ കഥ മണിരത്നം എങ്ങനെയാണ് പറയുകയെന്നറിയാനുള്ള താൽപര്യം ആദ്യ ഭാഗം കണ്ടവർക്ക് തീർച്ചയായും ഉണ്ടാകും. രണ്ടുഭാഗങ്ങളും ചേർന്ന കാഴ്ചയിലേ പൊന്നിയിൻ സെൽ‌വൻ ഒരു പൂർണ സിനിമാ അനുഭവമാകൂ. അതിനായി കാത്തിരിക്കാം.


ഞാൻ കണ്ണും നീട്ടിയിരിക്കുകയാണ്  PS 2 WAITING 

Comments

Popular posts from this blog

ValimaiCBFC: U/A2022 ‧ Mystery/Thriller ‧ 2h 55m

Valimai CBFC: U/A2022 ‧ Mystery/Thriller ‧ 2h 55m ‘തലയുടെ വിളയാട്ടം’; വലിമൈ റിവ്യു   സതുരംഗവെട്ടേ, തീരൻ അധികാരമുണ്ട്ഒൻട്രു, നേർകൊണ്ട പാർവൈ....സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ്. ചർച്ചചെയ്യുന്ന പ്രമേയങ്ങളും  വ്യത്യസ്തം എച്ച്.വിനോദിന്റെ സംവിധാന മികവിൽ സൂപ്പർ താരം അജിത് കുമാർ ഒന്നിക്കുമ്പോൾ വലിമൈയിലും മറിച്ചൊന്നും അല്ല പ്രേക്ഷകർ പ്രതീക്ഷിച്ചത്.ബൈക്ക് സ്റ്റൻഡ് ഇഷ്ടപ്പെടുന്ന യുവാക്കളെ ഉപയോഗിച്ച് മയക്കുമരുന്ന് സാത്താൻ സേവയും വഴി കൊല്ലും കൊലയും നടത്തുന്ന ഒരു ഗ്രാങ്ന്റെ കഥയാണ് ഇത്തവണ വിനോദിന്റെ വരവ്.തമിഴ്നാട് പോലീസ് നേരിട്ടതിൽ വെച്ച് ഏറ്റവും മോശമായ ഗ്യാങ്ന് കൂച്ചുവിലങ്ങ് ഇടാൻ വരുന്നത് അർജുൻ കുമാർ എന്ന ഐപിഎസ് ഉദ്യോഗസ്ഥനും...... ബൈക്ക് ഇവ ഉപയോഗിച്ചുള്ള മാല മോഷണവും മയക്മരുന്നും കച്ചവടവും കൊലയും ഓരോ ആഴ്ചയും കഴിയുംതോറും പെരുകുകയാണ്.  ചെന്നൈ നഗരത്തിൽ പോലും പോലീസിനു പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.അന്വേഷണം എവിടെ തുടങ്ങണമെന്ന് യാതൊരു തുമ്പും ഇല്ലാതെ പോലീസ് പാടുപെടുമ്പോൾ ആണ് തലയുടെ കൊലമാസ്സ് എൻട്രി..... 😍😍😍💪🏼🔥  അർജുൻ ട്രാൻ...

Godzilla vs. Kong CBFC: U/A2021 ‧ Sci-fi/Action ‧ 1h 53m

Godzilla vs. Kong CBFC: U/A2021 ‧ Sci-fi/Action ‧ 1h 53m ഈ ഭീമന്‍മാര്‍ ഏറ്റമുട്ടുന്നു; വിജയം ആര്‍ക്കൊപ്പം? തുല്യ ശക്തികൾ ആയ രണ്ട് കഥാപാത്രങ്ങൾ ഇരുവരും.പ്രേക്ഷകർക്ക് പുതുമുഖങ്ങൾ അല്ല.അവർ തമ്മിൽ ഏറ്റുമുട്ടിയാൽ ആര് ജയിക്കും അതിനുള്ള ഉത്തമ ഉത്തരമാണ് ഗോഡ്സില്ല & കിംഗ് കോങ്ങ് എന്ന ചിത്രം ഗോഡ്സില്ല കിങ് ഓഫ് മോൺസ്റ്റർസ് (2019) കോങ്ങ്; സ്കൾ ഐലൻഡ് എന്നീ രണ്ടു ചിത്രങ്ങളുടെ സിക്വൽ ആണ് ഹോട്ടല് വേർസസ് കിംഗ് കോങ്ങ് തലമുറകളായി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ഗോഡ്സില്ല ഫ്രാഞ്ചൈസിയിൽ മുപ്പത്തിയാറാമത്തെ ചിത്രവും. അലക്സാണ്ടർ സ്കാർഗാർഡ്. മില്ലി ബോബി ബ്രൗൺ,ബ്രയാൻ ടൈഗർ ഹെൻട്രി, ഷോൺഓഗുറി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്......  കിംഗ് ഖിഡോരിയെ ഗോഡ്സില്ല തോൽപ്പിച്ച് അഞ്ചു വർഷങ്ങൾ പിന്നിടുന്നു. കിംഗ് കോങ്ങ് ഇനി ആകട്ടെ വളരെ സുരക്ഷിതമായ മനുഷ്യനിർമ്മിതമായ സ്കൾ ലാൻഡിൽ ഡോക്ടർ ഇലോൻ ആൻഡ്രൂസ് നേതൃത്വത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.  ഗോഡ്സില്ലയിൽയിൽ നിന്നും കിംഗ് കൊങ്ങിനെ സംരക്ഷിക്കുന്ന എന്ന ഉദ്ദേശത്തോടെയാണ് ഇലെൻ ആൻഡ്രൂസ് സ്കൾ ലാൻഡ് ഒരുക്കിയിരിക്...

'കിളിപറത്തുന്ന' ത്രില്ലർ; കൂമൻ റിവ്യു

'മെമ്മറീസിന് ശേഷം ഞാൻ ചെയ്യുന്ന യഥാർഥ ത്രില്ലർ ചിത്രം ഇതായിരിക്കും' എന്ന് ജീത്തു ജോസഫ് പറഞ്ഞത് വെറുതെയല്ല, ഒരുഘട്ടത്തിലും പിടിതരാതെ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് കൂമൻ എന്ന സിനിമ. ശരിക്കും ജീത്തുവും തിരക്കഥാകൃത്ത് കൃഷ്ണകുമാറും പുതിയ ത്രില്ലർ ചിത്രങ്ങൾക്കുള്ള കഥാബീജത്തിനായി നാട്ടിലൂടെ ഭൂതകാലത്തേക്കും ഭാവികാലത്തേക്കും ടൈം ട്രാവൽ ചെയ്തിട്ടുണ്ടോ എന്ന് ചിത്രം കണ്ടുകഴിയുമ്പോൾ പ്രേക്ഷകന് തോന്നിയാൽ തെറ്റുപറയാനില്ല. കേരള- തമിഴ്നാട് അതിർത്തിയിലെ നെടുമ്പാറ എന്ന ഗ്രാമത്തിലെ സിപിഒ ആണ് നാട്ടുകാരൻ കൂടിയായ ഗിരി. ചില ഒറ്റപ്പെട്ട 'ആത്മഹത്യകൾ' ഒഴിച്ചുനിർത്തിയാൽ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നുമില്ലാത്ത നാട്. പൊലീസുകാരും സ്വസ്ഥം. പക്ഷേ നിസ്സാരകാര്യങ്ങൾക്ക് നാട്ടുകാരോട് വ്യക്തിവിരോധം മനസ്സിൽപെരുപ്പിച്ച് തരംകിട്ടുമ്പോൾ നൈസായിട്ട് 'പണി'കൊടുക്കുന്ന സ്വഭാവക്കാരനാണ് ഗിരി. അതിനയാൾ ഏതറ്റം വരേയുംപോകും. അങ്ങനെ 'ചൊരുക്ക് തീർക്കാൻ' അയാൾ രഹസ്യമായി ചെയ്യുന്ന ചില കൈവിട്ട കളികളാണ് ആദ്യപകുതി സജീവമാക്കുന്നത്. 'വേലി തന്നെ വിളവ് തിന്നുക' എന്ന് പറയുംപോലെയുള്ള അയ...